ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിലെ വിവാദ പണമിടപാട് പ്രശ്‌നത്തിൽ രണ്ടു താത്കാലിക ജീവനക്കാരെ ആർ.ഡി.ഒ സസ്‌പെന്റ് ചെയ്തു. സുരേഷ്, ഷിജു എന്നിവരുടെ പേരിലാണ് നടപടി. ഡി.എം.സി യോഗത്തിൽ എം.എൽ.എ സ്വീകരിച്ച നിലപാടാണ് ജില്ലാ കളക്ടറുടെ അനുമതിയോടെ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച അബദ്ധത്തിൽ ജീവനക്കാരെ താക്കീത് ചെയ്താൽ മതിയെന്ന് കമ്മറ്റിയുടെ വൈസ് ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. റിജേഷ് അടക്കമുള്ളവർ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ എം.എൽ.എ ടി.ജെ.സനീഷ്‌കുമാർ തെല്ലും വഴങ്ങിയില്ല. ജില്ലാ കളക്ടറോട് എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇപ്പോഴത്തെ നടപടിയെന്ന് പറയുന്നു. അതേസമയം നടപടി സി.പി.എമ്മിന് നാണക്കേടായി മാറി. പാർട്ടി യൂണിയനിൽപ്പെട്ടവരെ എം.എൽ.എയും അനുയായികളും പുറത്താക്കാൻ ബോധപൂർവമായ ശ്രമം നടത്തുകയായിരുന്നുവെന്ന് സി.പി.എം പ്രദേശിക നേതൃത്വം ആരോപിച്ചിരുന്നു. ഇതിനു വഴങ്ങില്ലെന്നും ഡി.എം.സി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ നിലപാട് സ്വീകരിച്ചത് എം.എൽ.എയ്ക്ക് ക്ഷീണമുണ്ടാക്കി. എന്നാൽ പിന്നീട് ഉന്നതങ്ങളിലുണ്ടായ ഇടപെടലുകൾ തടയാൻ സി.പി.എം നേതാക്കൾക്ക് കഴിഞ്ഞില്ല.