ചാലക്കുടി: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലക്കപ്പാറ വീരാൻകുടി ആദിവാസി കോളനിയിൽ നിന്നും ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 23 പേരെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ മലക്കപ്പാറ ഗവ.യു.പി സ്‌കൂളിലെത്തിച്ചത്. കഴിഞ്ഞ വർഷവും ഇവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്‌സ് യൂണിറ്റുകളാണ് മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ ഉൾക്കാട്ടിലുള്ള ആദിവാസികളെ സാഹസികമായി അഭയ കേന്ദ്രങ്ങളിൽ എത്തിച്ചത്. ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു, ടി.ഡി.എ ഇ.ആർ. സന്തോഷ്‌കുമാർ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി. എസ്.ഐ: ടി.വി. മുരളീധരന്റെ നേതൃത്വത്തിൽ മലക്കപ്പാറ പൊലീസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.