11
പെരുമ്പിള്ളിശ്ശേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റോഡ് പൊളിച്ചുനീക്കുന്നു.

തൃശൂർ: കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലുർ വരെ 34.35 കിലോമീറ്ററിൽ റോഡ് നവീകരണം ഇഴയുന്നത് നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു . കഴിഞ്ഞ ഫെബ്രുവരി 13ന് തുടങ്ങിയ നിർമ്മാണം ഇതുവരെ മൂന്നര കിലോമീറ്ററിൽ ഒരുഭാഗം പോലും പൂർത്തീകരിക്കാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ പുതിയ രീതിയിൽ നവീകരിക്കുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണത്തിൽ ജനം ബുദ്ധിമുട്ടുകയാണ്. റോഡിന്റെ ഇരുഭാഗവും ഒന്നിച്ച് പൊളിക്കില്ലെന്ന മാനദണ്ഡം പാലിക്കുന്നുണ്ടെങ്കിലും അശാസ്ത്രീയമായാണ് നിർമ്മാണം പുരോഗമിക്കുന്നതെന്നാണ് ആരോപണം.

ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക 2.9 കി.മി

പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡ് കോൺക്രീറ്റിംഗ് ഒരിടത്ത് അവസാനഘട്ടത്തിലാണ്. ആദ്യഘട്ടത്തിലെ 2.9 കിലോമീറ്ററിൽ കോൺക്രീറ്റ് റോഡ് ഒരുക്കലിന് തുടർച്ചയില്ലാത്തത് പ്രശ്നമാകുന്നുണ്ട്. ഇതിനിടെ പെരുമ്പിള്ളിശ്ശേരിക്ക് അപ്പുറത്തേക്ക് റോഡ്‌ പൊളിക്കൽ തുടങ്ങിയതാണ് വിനയായത്. വലിയ ഉയരത്തിലാണ് കോൺക്രീറ്റിംഗ് നടക്കുന്നതെന്നും പരാതിയുണ്ട്.


വ്യാപാരികൾക്ക് ദുരിതം

പാതയോരത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് നിർമ്മാണം തിരിച്ചടിയാകുന്നു. മഴ പെയ്താൽ കടമുറികളിലേക്ക് വെള്ളം എത്തുന്നുണ്ട്. അതേസമയം കണിമംഗലം പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം വെള്ളാങ്ങല്ലൂർ, കരൂപ്പടന്ന മേഖലകളിലെ കുടിവെള്ള പൈപ്പുകളും നേരെയാക്കുന്നുണ്ട്. ഒപ്പം കൽവെർട്ടുകളും കുഞ്ഞൻ പാലങ്ങളും നവീകരിക്കുന്നുണ്ട്. റോഡിന്റെ വീതി കൂട്ടാതെ ഏഴു മീറ്ററിൽ നടക്കുന്ന നിർമ്മാണം ശാസ്ത്രീയമല്ലെന്നാണ് വിലയിരുത്തൽ.


വീതിയില്ലാത്തത് ഭീഷണി

റോഡ് വീതി കൂട്ടാതെ ഏഴുമീറ്ററിൽ പണിയുന്നത് ന്യൂനതയാണ്. നിരവധി ബസുകളും കാറുകളും മറ്റും കടന്നുപോകുന്ന തിരക്കേറിയ സംസ്ഥാന പാതയ്ക്ക് 11 മീറ്ററെങ്കിലും വീതി വേണമെന്നാണ് ആവശ്യം. 35 വർഷം മുന്നിൽകണ്ട് 203 കോടി രൂപ ചെലവിടുന്നതാണ് നവീകരണമെന്നാണ് അവകാശവാദം. കരുവന്നൂർ രാജാഹാളിന് സമീപം റോഡ് നിർമ്മാണം എത്തുന്നതോടെ ഊരകം വഴി ഏഴുകിലോ മീറ്റർ ചുറ്റിപ്പോകണമെന്നതാകും സ്ഥിതി.