തൃശൂർ: ആഭരണ നിർമ്മാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന 8 യൂണിറ്റുകളുടെ സിറ്റിംഗ് നടത്തുന്നതിന് യൂണിയൻ പ്രസിഡന്റ് കെ.വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ജൂലായ് 12 ന് മൂർക്കിനിക്കര വായനശാലയിലും 15 ന് നല്ലെങ്കര ഡി.എഫിലും രാവിലെ 10 മുതൽ 1 മണി വരെയാണ് സിറ്റിംഗ്. കുടിശ്ശിക തീർക്കുന്നതിനും യൂണിയൻ തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിനും പുതുതായി ചേരുന്നതിനും അവസരം നൽകും. പുതുതായി ചേരുന്നവർ 5 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ, വയസ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഫോട്ടോ കോപ്പി ഹാജരാക്കണം. യൂണിയൻ തിരിച്ചറിയൽ കാർഡും കൊണ്ടുവരണം. 18 മുതൽ 55 വയസാണ് പ്രായപരിധി. ആഗസ്റ്റ് 9 ന് യൂണിയന്റെ സ്ഥാപകദിനം ആചരിക്കും. തൃശൂരിൽ നടത്തുന്ന ജില്ലാ കൺവെൻഷനിൽ സി.ഒ. പൗലോസ് മാസ്റ്റർ സ്മാരക വിദ്യാഭ്യാസ എൻഡോവ്‌മെന്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ യൂണിയൻ രക്ഷിതാക്കളുടെ മക്കൾക്ക് സമ്മാനിക്കും. ഇതിനായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ജൂലായ് 15ന് മുമ്പായി ഏരിയ സെക്രട്ടറിയെ ഏൽപ്പിക്കണം. യോഗത്തിൽ സെക്രട്ടറി സി.എൻ. രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ സതീഷ് ചന്ദ്രൻ, ഒ.പി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.