പാവറട്ടി: ഉദ്യോഗസ്ഥരുടെ ദയാരഹിതമായ റിപ്പോർട്ട് മൂലം ദരിദ്ര മത്സ്യത്തൊഴിലാളി കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് ലഭ്യമായില്ല. വെങ്കിടങ്ങ് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പള്ളിപ്പുറത്ത് പ്രകാശനും ഭാര്യ മീരയും രണ്ട് വിദ്യാർത്ഥികളായ മക്കളുമാണ് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ഓഫീസുകൾ കയറി ഇറങ്ങുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ വീട് വാസയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ലീസ്റ്റിൽ നിന്ന് ഒഴിവാക്കി. വീണ്ടും അപ്പീൽ നൽകി. അതും നിരസിച്ചു. കളക്ടർക്ക് അപ്പീൽ നൽകാൻ പോയപ്പോൾ വി.ഇ.ഒയുടെ റിപ്പോർട്ടിൽ വീട് വാസയോഗ്യമാണെന്നാണ് കാണുന്നത്. അതിനാൽ ആ റിപ്പോർട്ട് തിരുത്തണമെന്ന് നിർദ്ദേശിച്ചു. ജൂലൈ 8 വരെയാണ് അപ്പീൽ നൽകാനുള്ള തിയ്യതി. ഓലമേഞ്ഞ വീട് മഴയിൽ ചോരുന്നതിനാൽ ടാർപ്പാളിനാണ് മുകളിൽ വിരിച്ചിട്ടുള്ളത്. ഇരുനൂറ് സ്‌ക്വയർ ഫീറ്റ് ഉണ്ടാകില്ല ഓല ഷെഡിന്. ഈ ഷെഡാണ് ഉദ്യോഗസ്ഥരുടെ വാസയോഗ്യമായ വീട്. വാസയോഗ്യമല്ലാത്തതിനാൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം. മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രകാശന്റെ കുടുംബം.