പാവറട്ടി: മലയാളി നാളെ എന്ത് കഴിക്കണം എന്ന് കോർപറേറ്റുകൾ തീരുമാനിക്കുന്ന സ്ഥിതി ചെറുക്കാൻ പുതുതലമുറ കൃഷിയിലേക്ക് ഇറങ്ങിയേ മതിയാകൂവെന്ന് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വെങ്കിടങ്ങ് പഞ്ചായത്തിൽ കൃഷിഭവന്റെയും വെങ്കിടങ്ങ് ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ പുനസംഘടനാ രീതിയിലൂടെ കൃഷി വർദ്ധിപ്പിക്കാൻ കഴിയണം. 5 അഗ്രോസോണുകളിലും കൃഷി ചെയ്താൽ കേരളത്തിന് ആവശ്യമായ ഭക്ഷ്യവസ്തുകൾ ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാകുമെന്നും സുനിൽകുമാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സൗമ്യ സുകു, ജനപ്രതിനിധികളായ ഇ.വി. പ്രഭീഷ്, കെ.സി. ജോസഫ്, മുംതാസ് റസാക്ക്, കൊച്ചപ്പൻ വടക്കൻ, ബസീജ വിജേഷ്, എൻ.കെ. വിമല, സി.ഡി.എസ് ചെയർപേഴ്‌സൻ സുനീഷ സുഗതൻ, കൃഷി ഓഫീസർ ജേക്കബ് ഷിമോൻ എന്നിവർ സംസാരിച്ചു. 7 സ്റ്റാളുകളിലൂടെ നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും നടത്തിയിരുന്നു. കലാപരിപാടികളും അരങ്ങേറി.