കയ്പമംഗലം: കനത്ത മഴയിൽ അപകട ഭീഷണിയായി ദേശീയപാതയിലെ കുഴികൾ. ദേശീയപാത 66 എടമുട്ടം മുതൽ എസ്.എൻ പുരം വരെയുള്ള ഭാഗത്താണ് നൂറുകണക്കിന് ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
ചെന്ത്രാപ്പിന്നി, കൊപ്രക്കളം, കാളമുറി, മൂന്നുപീടിക, പെരിഞ്ഞനം, പുതിയകാവ് എന്നിവിടങ്ങളിലെ വലിയ കുഴികളാണ് അപകട ഭീഷണിയാകുന്നത്. കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാകുന്നു.
രാത്രിയിൽ ഇതുവഴിയുള്ള യാത്ര അതീവ ദുഷ്‌കരമാണ്. ഒരു വർഷം മുൻപ് പുതുക്കിപ്പണിത റോഡ് ഇതിനിടെ പലതവണ തകർന്ന് റീ ടാറിംഗ് നടത്തിയിരുന്നു. റീ ടാറിംഗ് നടത്തി ഒരാഴ്ച കഴിയുമ്പോഴേക്കും വീണ്ടും റോഡ് തകരുകയായിരുന്നു.
അവസാനമായി ഒരു മാസം മുമ്പാണ് കുഴികൾ നികത്തി റീടാറിംഗ് നടത്തിയത്. എത്രയും വേഗം റോഡ് നല്ല രീതിയിൽ പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.