ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കാരക്കാട് എൻ.എസ്.എസ് കരയോഗം ആവശ്യപ്പെട്ടു. ക്ഷേത്ര നഗരിയിലേയ്ക്കുള്ള റോഡുകൾ എല്ലാം തന്നെ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. ക്ഷേത്രത്തിന് തെക്ക് ഭാഗത്തെ ദേവസ്വം ഉടമസ്ഥതയിലുള്ള ഇന്നർ റിംഗ് റോഡും തകർന്ന അവസ്ഥയിലാണ്. റോഡുകൾ ഗതാഗതയോഗ്യമാക്കാൻ എം.എൽ.എയും ദേവസ്വവും നഗരസഭയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാരക്കാട് എൻ.എസ്.എസ് കരയോഗം പൊതുയോഗം ആവശ്യപ്പെട്ടു. യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം ലഭിച്ച കരയോഗം സെക്രട്ടറിയും കേരളകൗമുദി ലേഖകനുമായ പി.കെ. രാജേഷ് ബാബുവിനെ യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ഒ. രാജഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ അധ്യക്ഷനായി. സി. സജിത് കുമാർ, കോങ്ങാട്ടിൽ അരവിന്ദാഷൻ മേനോൻ, എ.വി. ഗോപാലകൃഷണൻ, കെ. ലക്ഷ്മി ദേവി, പങ്കജം വിശ്വനാഥൻ, പി.കെ. രാജേഷ് ബാബു, കോങ്ങാട്ടിൽ വിശ്വനാഥൻ മേനോൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ.എൻ. വിജയൻ മേനോൻ (പ്രസിഡന്റ്), എ.വി. ഗോപാലകൃഷണൻ (വൈസ്.പ്രസിഡന്റ്), പി.കെ. രാജേഷ് ബാബു (സെകട്ടറി), കോങ്ങാട്ടിൽ വിശ്വനാഥൻ മേനോൻ (ജോ.സെക്രട്ടറി), സി.സജിത് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.