1
ഫ്രാൻസീസ് ടി. മനോജിന്റെ കുടുംബത്തിനുള്ള ധനസഹായം രമ്യ ഹരിദാസ് എം.പി കൈമാറുന്നു.

വടക്കാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ 'ഭദ്രം' വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ഫ്രാൻസീസ് ടി. മനോജിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനമായ പത്ത് ലക്ഷം രൂപ ആലത്തൂർ എം.പി രമ്യ ഹരിദാസ് വിതരണം ചെയ്തു. വടക്കാഞ്ചേരി മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. ഭദ്രം പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കണമെന്നും ജി.എസ്.ടി.യിലെ അപാകത കേരളത്തിലെ മുഴുവൻ എം.പി.മാരും ഒപ്പിട്ട് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട ഭേദഗതികൾ നടത്താൻ ശ്രമിക്കുമെന്നും എം.പി പറഞ്ഞു. വടക്കാഞ്ചേരിയിലെ അടച്ചിട്ട പഴയ റെയിൽവേ ഗേറ്റിന് സമാന്തരമായി അടിപ്പാത നിർമ്മിക്കുന്നതു സംബന്ധിച്ച് എം.പിക്ക് അസോസിയേഷൻ നിവേദനം നൽകി. യോഗത്തിൽ വച്ച് ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ സെക്രട്ടറി വി.ടി. ജോർജ്, നിയോജക മണ്ഡലം ചെയർമാൻ ചാർളി കെ.ഫ്രാൻസീസ്, യൂണിറ്റ് ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ, യൂണിറ്റ് ട്രഷറർ പി.എസ്. അബ്ദുൾ സലാം, യൂത്ത് വിംഗ് പ്രസിഡന്റ് എൽദോ പോൾ, സി.എ. ഷംസുദ്ദീൻ, പ്രശാന്ത് പി. മേനോൻ, ഷിജു തലക്കോടൻ എന്നിവർ സംസാരിച്ചു.