വടക്കാഞ്ചേരി: നഗരവത്കരണം നഷ്ടമാക്കിയ ഹരിതാഭം തിരിച്ചുപിടിക്കാൻ നഗരവനം പദ്ധതിയുമായി ജില്ലാ വനം വകുപ്പ്. വടക്കാഞ്ചേരി, തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരിയിൽ 16 ഹെക്ടർ സ്ഥലത്താണ് നഗരവനം പദ്ധതി നടപ്പാക്കുന്നത്. 7,500 തൈകൾ നട്ടാണ് വനങ്ങളുടെ ചെറുമാതൃകകൾ സൃഷ്ടിക്കുന്നത്. ഞാവൽ, നെല്ലി, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷത്തൈകളും ഇലഞ്ഞി, ആൽ തുടങ്ങിയ തണൽ മരങ്ങളുമാണ് വച്ചു പിടിപ്പിക്കുക. കൂടാതെ നക്ഷത്രവനവും ബട്ടർഫ്‌ളൈ പാർക്കും ഇവിടെ ഒരുക്കുന്നുണ്ട്. തൃശൂർ ഡിവിഷന് കീഴിൽ വരുന്ന മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നഗരവനം പദ്ധതിയുടെ തൃശൂർ ഡിവിഷന് കീഴിലെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കുറാഞ്ചേരിയിൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ വൃക്ഷത്തൈ നട്ട് നിർവഹിക്കും. ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ സി.വി. രാജൻ അദ്ധ്യക്ഷത വഹിക്കും.
കൊച്ചുവനം സൃഷ്ടിച്ചെടുക്കുക ലക്ഷ്യം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയമാണ് നഗരവനം പദ്ധതി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരമേഖലകളിലുള്ള വനഭൂമിയിലോ, പ്രാദേശിക, നഗര ഭരണകൂടങ്ങൾ നൽകുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും വനങ്ങൾ കൂടുതലായും തയ്യാറാക്കുക. സ്വാഭാവിക വനങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഉൾക്കൊള്ളുന്ന കൊച്ചുവനം സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.