
തൃശൂർ : പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് മീഷോയിൽ നിന്ന് ഉൽപന്നം വാങ്ങുന്നവർക്ക്, സമ്മാനം ലഭിച്ചെന്ന് കാട്ടി വ്യാജകത്തയച്ചും തട്ടിപ്പ്. മീഷോയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങിയ തൃശൂരിലെ ഉപഭോക്താക്കളെയാണ് സ്‌ക്രാച്ച് കാർഡയച്ച് ലക്ഷങ്ങളുടെ കാഷ്പ്രൈസ് ലഭിച്ചെന്ന് കാട്ടി തട്ടിച്ചത്. കത്ത് ലഭിച്ച ഭൂരിഭാഗം പേർക്കും ലക്ഷങ്ങളുടെ കാഷ് പ്രൈസ് ലഭിച്ചതായാണ് കാണുക. ഇത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യാൻ ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കാനാണ് ആവശ്യപ്പെടുക. നികുതി തുക അടച്ചു കഴിഞ്ഞാൽ, പ്രോസസിംഗ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേര് പറഞ്ഞ് പിന്നെയും പണം ഈടാക്കും. വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തിൽ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറും. സമ്മാനം ലഭിക്കാതെയാകുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുക.
പ്രൈസ് ലഭിച്ചവരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ, ബാങ്ക് വിലാസം തുടങ്ങിയവ കൈമാറണമെന്നും ആവശ്യപ്പെടും. ഉപഭോക്താക്കൾക്ക് വിശ്വാസം വരുത്താൻ മുൻനിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാർ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുൻനിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാർട്ട്, ആമസോൺ പേ തുടങ്ങിയവയുടെയും ട്രേഡ്മാർക്ക് ചിഹ്നവും പതിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരം ചോരുന്നു ?
പ്രമുഖ ഇ കൊമേഴ്‌സ് വ്യാപാര വെബ്‌സൈറ്റുകളിൽ നൽകുന്ന ഉപഭോക്താക്കളുടെ വിവരം ചോരുന്നതായി സൈബർ ക്രൈം വിഭാഗം സംശയിക്കുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഉപഭോക്താക്കൾ നൽകുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാർ കത്തയക്കുന്നത്. അതിനാൽ കത്ത് യഥാർത്ഥത്തിലുള്ളതാണെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. കൊറിയർ സ്ഥാപനങ്ങളിൽ നിന്നോ, ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നോ ഹാക്കർമാർ ഉപഭോക്താക്കളുടെ പേരും വിലാസവും ഉൾക്കൊള്ളുന്ന ഡാറ്റാ ബേസുകൾ അടിച്ചുമാറ്റാൻ സാദ്ധ്യതയുണ്ടെന്നും സൈബർ സെൽ വിഭാഗം പറയുന്നു.
നിങ്ങളുടെ ഫോണിലേക്കോ, ഇ മെയിൽ അല്ലെങ്കിൽ വീട്ടുവിലാസത്തിലേക്കോ അയക്കുന്ന അവിചാരിത ഓഫറുകളിൽ കണ്ണും പൂട്ടി വിശ്വസിക്കരുത്
സൈബർ പൊലീസ്