ചേലക്കര: ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നതിനായി അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് 341 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവില്വാമലയിൽ പ്രവർത്തിച്ചുവരുന്ന ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നതിനായി അക്കാഡമിക് ബ്ലോക്ക് നിർമ്മിക്കുന്നതിനാണ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് 341 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ സ്‌കൂളിന് നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. മണ്ണ് പരിശോധന നടത്തുന്നതിനുള്ള ഫണ്ട് കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമാക്കി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.