ചാലക്കുടി: നഗരമദ്ധ്യത്തിലെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം പകർച്ചവ്യാധി ഭീഷണിയുയർത്തുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ ഗവ. ഐ.ടി.ഐയ്ക്ക് സമീപമുള്ള നഗരസഭയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെ മാലിന്യകൂമ്പാരാമാണ് ഭീഷണിയാകുന്നത്. സംഭരണ ശേഷിയുടെ പത്തിരട്ടിയിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. കേന്ദ്രത്തിൽ പുറത്ത് റോഡിലും സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. മഴ ശക്തമായതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ട്. അശ്രദ്ധ കൊണ്ടെങ്ങാനും തീപിടുത്തമുണ്ടായാൽ വലിയ അപകടമാണ് ഇവിടെയുണ്ടാവുക. തിരക്കേറിയ റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്നാണ് സംഭരണ കേന്ദ്രം. നിരവധി സ്‌കൂളുകൾ, ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐ, ഐ.ടി.ഐ ക്വാർട്ടേഴ്‌സ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയയുടെ നടുവിലാണ് നഗരസഭയുടെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം. ഇവിടെ ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ കേന്ദ്രം ജനവാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എം. ഗോപി അദ്ധ്യക്ഷനായി. സി.എസ്. സുരേഷ്, ജിൽ ആന്റണി, ജോസ് പോൾ, എം.എസ്. സദാനന്ദൻ എന്നിവർ സംസാരിച്ചു.