
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ച് ജെൻഡർ പൊളിറ്റിക്‌സിനെക്കുറിച്ച് ഇസ്‌ലാമിക സംഘടന നടത്തിയ സംവാദം വിവാദത്തിൽ. കഴിഞ്ഞ ആറിന് മുജാഹിദിൻ്റെ കീഴിലുള്ള 'വിസ്ഡ'ത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ ഹാളിലായിരുന്നു പരിപാടി.
അമ്പതോളം വിദ്യാർത്ഥികളിൽ പകുതിയോളം പെൺകുട്ടികളായിരുന്നു. പരിപാടിയുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥികളെ വെളുത്ത തുണി കൊണ്ടുള്ള മറ കെട്ടി തിരിച്ചിരുന്നു. ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെ ചികിത്സിക്കേണ്ടവർ മറയിലിരുന്ന് സെമിനാറിൽ പങ്കെടുത്തതിനെക്കുറിച്ചും രൂക്ഷ വിമർശനമുയർന്നു. ലൈംഗിക ന്യൂനപക്ഷത്തിൻ്റെ പ്രശ്‌നങ്ങൾ ഇസ്‌ലാമിക കാഴ്ചപ്പാടിൽ അവതരിപ്പിച്ച പരിപാടിയിൽ, സംഘടനയുടെ വിദ്യാർത്ഥി നേതാക്കളാണ് പ്രധാനമായും പങ്കെടുത്തതും ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതും.
സംഭവം വിവാദമായതോടെ ,. പരിപാടിയുമായി കോളേജ് യൂണിയനോ മെഡിക്കൽ കോളേജിനോ ബന്ധമില്ലെന്ന് വാർത്താക്കുറിപ്പിറക്കി. അതേസമയം വിഷയത്തിൽ സംഘടന പ്രതികരിച്ചിട്ടില്ല.വിസ്ഡം നേതാവ് അബ്ദുള്ള ബേസിൽ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ മറ്റു ചിത്രങ്ങളും സോഷ്യൽ മീഡിയയിലുണ്ട്. സ്ഥിരമായി മതപഠന ക്ലാസുകൾ ഇവിടെ സംഘടിപ്പിക്കപ്പെടാറുണ്ടെന്നും, പ്രോഗ്രാമുകൾ നടക്കാറുള്ളത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ മറ വച്ചാണെന്നും അവർ വ്യക്തമാക്കി.