തൃശൂർ: യാത്രാദുരിതത്തിന് അറുതിയില്ലാതെ വിദ്യാർത്ഥികൾ. നിയന്ത്രണം വന്നതോടെ സ്വകാര്യ സ്കൂളുകളിലെ വാഹനങ്ങളിൽ ഇപ്പോൾ കുട്ടികളെ കുത്തിക്കയറ്റുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നത്.
കൊവിഡിന് മുൻപ് കുട്ടികൾ സ്കൂളിൽ പോയിരുന്നപ്പോൾ രണ്ടുരൂപയായിരുന്നു ബസ് ചാർജ്. ഇപ്പോൾ ചുരുങ്ങിയ അകലത്തിന് പോലും അഞ്ചു രൂപയാണ് ഈടാക്കുന്നത്. കൂടിയ കിലോമീറ്ററിന് കൂടുതൽ തുകയും നൽകുന്നുണ്ട്.
പണം കൊടുക്കാൻ കുട്ടികൾ തയ്യാറാണെങ്കിലും കുറച്ച് പേരെ മാത്രമേ ബസിൽ കയറ്റുന്നുള്ളൂ. സീറ്റ് ഉണ്ടെങ്കിലും ഇവരെ ഇരിക്കാൻ അനുവദിക്കില്ല. രാവിലെ സ്കൂളിലേക്കും വൈകിട്ട് വീട്ടിലേക്കും എത്താൻ പെൺകുട്ടികൾ തിരക്കുകൂട്ടാറുണ്ടെങ്കിലും ബസ് ജീവനക്കാരുടെ നിബന്ധനകൾ തടസമാകുന്നുണ്ട്.
ആർ.ടി.ഒ ഒപ്പിട്ട തിരിച്ചറിയൽ കാർഡ് ബസിൽ കൺസഷന് നിർബന്ധമാണ്. ഇത് കിട്ടാൻ വൈകിയാൽ വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കില്ല. ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാകുന്നുണ്ടെങ്കിലും നടപടികൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
വാതിലുകളില്ല
സ്‌കൂളുകൾ തുറന്നാൽ അപകടങ്ങളും മറ്റും കൂടുന്നതാണ് സമീപകാല കണക്കുകൾ. ഈ സമയവും മിക്ക ബസുകളും വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നുണ്ട്. മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തുന്ന പരിശോധനകൾ അറിഞ്ഞാൽ മാത്രം വാതിലുകൾ അടച്ചിടുകയാണ് പതിവ്. രാവിലെയും വൈകീട്ടും വലിയ തിരക്കുള്ള സമയത്തുമാണ് വാതിൽ തുറന്നുള്ള യാത്ര.
യാത്ര ദുരിതമായി മഴക്കുഴി റോഡുകൾ
സ്‌കൂൾ തുറക്കും മുമ്പേ കാലവർഷം എത്തുമെന്ന് മുന്നറിയിപ്പും ലഭിച്ചിട്ടും റോഡ് ഒരുക്കാൻ അധികൃതർക്കായില്ല. റോഡിലെങ്ങും കുഴികളുള്ളതിനാൽ സൈക്കിളിൽ അടക്കം പോകുന്ന കുട്ടികൾ ബുദ്ധിമുട്ടുകയാണ്. സ്വകാര്യബസുകളിൽ തിങ്ങിനിറഞ്ഞു പോകുന്ന സാഹചര്യത്തിൽ കുഴിയിൽ പെടുന്നതും ബാധിക്കുന്നുണ്ട്. വെള്ളക്കെട്ട് നടന്നു താണ്ടി സ്‌കൂളുകളിലെത്തേണ്ട ഗതികേടുമുണ്ട്.