തൃശൂർ: വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ വിദഗ്ധ മൃഗപരിചരണം ഉറപ്പാക്കി, ജില്ലയിലെ 16 ബ്ലോക്കുകളിലും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം. ക്ഷീരകർഷകർ ഉൾപ്പടെയുള്ളവർക്ക് വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഡോക്ടറെ കൂടാതെ ഒരു അറ്റൻഡറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ നിയമിക്കുന്നത്. മൃഗാശുപത്രി,ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ഡോക്ടർമാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരം പ്രദർശിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ആവശ്യഘട്ടങ്ങളിൽ പരിചരണം ലഭ്യമാക്കേണ്ട സ്ഥലത്ത് എത്തുന്നതിനുള്ള വാഹനത്തിന്റെ ചെലവ് കർഷകർ വഹിക്കണം. ആവശ്യമുള്ള മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണ്. ഫീൽഡിൽ പരിശോധനയ്ക്ക് എത്തുന്ന ഡോക്ടർമാർ ഈ മരുന്നുകൾ നൽകും.
മലയോര മേഖലകളിൽ ഉൾപ്പെടെ രാത്രിയിൽ അടിയന്തരമായി ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നതിനാലാണ് വെറ്ററിനറി സേവനം നടപ്പിലാക്കിയത്. സംസ്ഥാന തലത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
പ്രതിസന്ധികൾക്കു നടുവിൽ മൃഗസംരക്ഷണം
ക്ഷീരകർഷകരിൽ ഭൂരിഭാഗവും പാൽവിൽപ്പനയ്ക്ക് ആശ്രയിക്കുന്നത് ക്ഷീരസംഘങ്ങളെയാണ്. ഒരു ലിറ്റർ പാലിന് പരമാവധി 40 രൂപയാണ് കർഷർക്ക് ലഭിക്കുന്നത്. രാവിലെ അളക്കുന്ന പാലിന് ഗുണനിലവാരവും കൊഴുപ്പും കുറവാണെന്ന് പറഞ്ഞ് വീണ്ടും വെട്ടിക്കുറയ്ക്കും. അമ്പത് രൂപയ്ക്കാണ് ഇത് സംഘങ്ങൾ വിൽക്കുന്നത്.
അനുദിനം കൂടുന്ന കാലിത്തീറ്റയുടെ വിലവർദ്ധന കർഷകർക്കു താങ്ങാൻ കഴിയില്ല. കാലിത്തീറ്റ വിപണിയിൽ പ്രമുഖ കമ്പനികളെല്ലാം ഇനിയും വില കൂട്ടാനുള്ള തയാറെടുപ്പിലാണ്. പശുവിനെ വളർത്താനുള്ള ദൈനംദിന ചെലവുകൾ നോക്കിയാൽ ഒരു ലിറ്റർ പാലിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയെങ്കിലും ലഭിക്കണമെന്നാണ് പറയുന്നത്. മരുന്ന് വിലയും പശുവിന്റെ വിലയും എല്ലാം കൂടുകയാണ്.
രോഗബാധയും കൂടുകയാണ്. ആന്ത്രാക്‌സ് ഭീഷണി വരെ അതിരപ്പിള്ളി ഭാഗങ്ങളിലുണ്ടായി. വനത്തോട് ചേർന്നുള്ള മേഖലകളിൽ കന്നുകാലികൾക്ക് വ്യാപകമായി വാക്‌സിനേഷൻ നടത്തിയിട്ടുണ്ട്. മഴക്കാലരോഗങ്ങളും വെല്ലുവിളിയാണ്. അതിനെതിരെയുള്ള വാക്‌സിനേഷനുകളും നടക്കുന്നുണ്ട്.
വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന അത്യാഹിതങ്ങൾക്കാണ് രാത്രികാല സേവനമുള്ളത്. പ്രസവസംബന്ധമായ പ്രശ്‌നങ്ങൾ, ഗുരുതരമായ രോഗബാധ, പെട്ടെന്ന് തളർന്നുവീഴുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങൾക്കെല്ലാം സേവനം ലഭ്യമാക്കുന്നുണ്ട്. അത്യാവശ്യം മരുന്നകളും നൽകും. വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുളള കൂടുതൽ പ്രവർത്തനങ്ങൾ സജീവമാക്കും.
- ഡോ. സുരജ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ.