foto

മന്ത്രി കെ. രാജൻ കരാറുകാരുമായി സംസാരിക്കുന്നു. മേയർ എം.കെ. വർഗീസ്, കളക്ടർ ഹരിത വി. കുമാർ എന്നിവർ സമീപം.

ഒല്ലൂർ: ഒല്ലൂർ മേൽപ്പാലം റോഡിലെ നിർമ്മാണ പ്രവൃത്തികൾ മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കണമെന്ന് കരാറുകാരന് കർശന നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ. രാജൻ. രണ്ടാഴ്ചയോളമായി നിർമ്മാണത്തിനായി അടച്ച മേൽപ്പാലം റോഡിലെ നിർമ്മാണ പുരോഗതികൾ വിലയിരുത്തിയതിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മേൽപ്പാലത്തിലെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ദിവസങ്ങളിലെ ജോലിയുടെ പുരോഗതി വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജിനും നിർദ്ദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം റോഡ് അടച്ചതിനാൽ ഇൻഡസ്ട്രിയൽ വ്യവസായ എസ്റ്റേറ്റിൽ കൂടിയുള്ള താത്കാലിക റോഡ് വഴിയാണ് സമാന്തരപാത തുറന്നിട്ടുള്ളത്. കനത്ത ചളിക്കെട്ടുമൂലം ഈ സമാന്തരപാതയും ഗതാഗതയോഗ്യമല്ല. ഈ പാത രണ്ടു ദിവസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കാൻ തീരുമാനമായതായും മന്ത്രി പറഞ്ഞു. മഴ കൂടുതൽ ശക്തമാകാൻ ഇടയുള്ളതിനാൽ കൂടുതൽ തൊഴിലാളികളെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കണം. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കളക്ടർ ഹരിത വി.കുമാർ, മേയർ എം.കെ. വർഗീസ്, എ.സി.പി: കെ.സി. സേതു, ഡിവിഷൻ കൗൺസിലർ സി.പി. പോളി, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ്, സിഡ്‌കോ എസ്റ്റേറ്റ് മാനേജർ ടി.കെ. സന്തോഷ് കുമാർ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു.

ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിടും
റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ കഴിയുന്നതുവരെ വ്യവസായ എസ്റ്റേറ്റിലൂടെ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 വരെ തൈക്കാട്ടുശേരിയിൽ നിന്ന് ഒല്ലൂർക്കും ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ എതിൽദിശയിലും വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. ഒരേസമയം ഇരുദിശയിലേക്കും വാഹനങ്ങൾ പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ എസ്റ്റേറ്റ് റോഡിന്റെ ഇരുകവാടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെയും കോർപറേഷൻ പ്രതിനിധികളുടെയും സാന്നിദ്ധ്യം ഉണ്ടാകും.