എരുമപ്പെട്ടി: തിപ്പല്ലൂർ ശിവക്ഷേത്രത്തിൽ കവാടത്തിന്റേയും മതിലിന്റേയും സമർപ്പണ ചടങ്ങ് നാളെ വൈകിട്ട് 7 മണിക്ക് നടക്കും. ശങ്കരൻക്കാവ് മകര പത്താഘോഷം എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മിറ്റിയാണ് നിർമ്മാണം നടത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജീർണാവസ്ഥയിലായ ക്ഷേത്രം തദ്ദേശ നിവാസികളും ഭക്തരും ചേർന്ന് കമ്മറ്റി രൂപീകരിച്ച് പുനരുദ്ധാരണം നടത്തി വരുകയാണ്. ക്ഷേത്രത്തിന്റെ മുഖമണ്ഡപവും ചുറ്റമ്പലവും നിർമ്മിച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മനോഹരമായ കവാടവും മതിലും പടിയും നിർമ്മിച്ചത്. 7 ലക്ഷം രൂപയാണ് ഇതിന് ചെലവഴിച്ചത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ മന ജയന്തൻ നമ്പൂതിരി സമർപ്പണ കർമ്മം നിർവഹിക്കും. ഇതിന് ശേഷം കോട്ടപ്പുറം ഉണ്ണിക്കൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും അന്നദാനവും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എ. ജനാർദ്ധനൻ, സെക്രട്ടറി എം.എസ്. വിനോദ്, ഭാരവാഹികളായ അജയകുമാർ അഞ്ചേരി, ശിവശങ്കരൻ ശേഖരത്ത്, എരുമപ്പെട്ടി പൂരാഘോഷ കമ്മിറ്റി രക്ഷാധികാരി എ.കെ. ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.