കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് 20-ാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് മുൻ വാർഡ് മെമ്പർ കെ.ആർ. അശോകൻ സ്വകാര്യ വ്യക്തികളിൽ നിന്നും പണം പിരിച്ച് നൽകിയതായി പറയപ്പെടുന്ന നാലു സെന്റ് ഭൂമിയിൽ കെട്ടിടം പണിയാൻ അനുയോജ്യമല്ലെന്ന് പഞ്ചായത്ത് ഭരണസമിതി.
പഞ്ചായത്തിന് വിട്ടുനൽകിയ ഭൂമി ഭൂവുടമ ഭൂമിയിൽ കുറവു വരുത്താതെ സ്വന്തമായി കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ആസ്തിയിൽ ഉൾപ്പെടുത്താനുള്ള 2019ലെ ഭരണ സമിതി തീരുമാനം റദ്ദു ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു.
മുൻ മെമ്പർ സ്വകാര്യ വ്യക്തിയിൽ നിന്നും പണം പിരിച്ച് അംഗൻവാടിക്ക് കണ്ടെത്തി നൽകിയ ഭൂമിയിൽ അംഗൻവാടി കെട്ടിടം പണിയാൻ അനുയോജ്യമാണെന്ന് ഭരണസമിതി നിയോഗിച്ച ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി എടുത്ത തീരുമാനപ്രകാരം ഭൂമി ആസ്തിയിൽ ഉൾപ്പെടുത്താൻ മുൻ മെമ്പർ കെ.ആർ. അശോകൻ മുൻകൈ എടുത്തില്ല.
സ്വന്തം വീഴ്ച മറച്ചുവച്ച് പ്രസ്താവനയിറക്കിയത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. വഴിയില്ലാത്തതും കെട്ടിട നിർമ്മാണത്തിന് ഉപയോഗപ്രഥമല്ലാത്തതുമായ ഭൂമി പണപ്പിരിവ് നടത്തി വാങ്ങി നൽകിയത് ശരിയായ നടപടിയല്ല. പണം നൽകിയ വ്യക്തിയും, അംഗൻവാടി സംരക്ഷണ സമിതിയും ഭൂവുടമയ്‌ക്കെതിരെയും മുൻ മെമ്പർക്കെതിരെയും മതിലകം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് എം.എസ്. മോഹനൻ അറിയിച്ചു.