11
കേരളകൗമുദി ജൂലായ് ഏഴിന് പ്രസിദ്ധീകരിച്ച വാർത്ത

തൃശൂർ: ജനതാദൾ (എസ്) ജില്ലാ നേതൃത്വത്തെ മോശമായി ചിത്രീകരിക്കുന്ന വിധം ഒരു വിഭാഗം പ്രചാരണം നടത്തുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി. ആറു വർഷമായി പാർട്ടിയിൽ പ്രവർത്തിച്ച് സംസ്ഥാന, ജില്ലാ സ്ഥാനങ്ങൾ വഹിച്ച ശേഷം ജില്ലാ പ്രസിഡന്റായ തന്നെ അടുത്തിടെ വന്നയാളായി ചിത്രീകരിക്കുന്നത് കുപ്രചാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പാർട്ടിയുടെ ഭരണഘടനപ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്നു സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയായിരുന്നു തന്റെ വിജയം. ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് കഴിഞ്ഞ രണ്ട് മാസമായി നടക്കുന്നത്. ജില്ലാ പ്രസിഡന്റിനെതിരെ സംസ്ഥാന നേതൃത്വത്തിന് നൽകിയെന്ന് പറയുന്ന പരാതി വ്യാജമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

പല നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും ഒപ്പുകൾ വ്യാജമായിട്ടാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. ഭൂരിഭാഗം നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളും വോട്ട് ചെയ്താണ് ജില്ലാ പ്രസിഡന്റായത്. ജില്ലയിലെ പാർട്ടി സംവിധാനത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള പരിശ്രമം നടത്തുന്നുണ്ട്. അധികാരം നഷ്ടപ്പെട്ട ചിലരാണ് ദുഷ്‌പ്രചാരണത്തിന് പിന്നിലെന്നും ജോഫി ആരോപിച്ചു.

പാർട്ടിയിൽ നിന്നും അകന്നുനിൽക്കുന്നവരെയും പരിഭവമുള്ളവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കും. ചുമതലയേറ്റശേഷം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമുള്ള പരിപാടികൾ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരികയാണെന്നും അഡ്വ. സി.ടി. ജോഫി കൂട്ടിച്ചേർത്തു.