പാവറട്ടി: ഭാരതത്തിന്റെ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അബേദ്കറെ നിയമസഭയിൽ അവഹേളിച്ച മണലൂർ എം.എൽ.എ മുരളി പെരുനെല്ലി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി പൂവത്തൂർ എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടിക വിഭാഗങ്ങളുടെ വോട്ട് നേടി അധികാരത്തിൽ വന്നതിനു ശേഷം അവരെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷം ഭാരതത്തിന്റെ ഭരണഘടനയേയും ഭരണഘടനാ ശിൽപ്പിയേയും അംഗികരിക്കാതെയാണ് കാലങ്ങളായി മുന്നോട്ട് പോകുന്നത്. അംബേദ്കറെ അപമാനിച്ചതിന് പട്ടികജാതി സംരക്ഷണ നിയമപ്രകാരം എം.എൽ.എയ്‌ക്കെതിരെ കേസെടുക്കണമെന്നും രാജിവയ്ക്കണമെന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ, പി.കെ. ബാബു, ബിജു പട്ട്യാമ്പുള്ളി തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് മണ്ഡലം ജനറൽ സെക്രട്ടറിന്മാരായ മനോജ് മാനിന, സന്തോഷ് പണിക്കശ്ശേരി, പ്രവീൺ പറങ്ങനാട്, പ്രമോദ് ആനേടത്തിൽ, എം.ആർ. വിശ്വൻ, രാജൻ മടത്തിൽ, സൂധീർ പൊറ്റേക്കാട്ട്, ശരവണൻ പാടൂർ, വിശാഖ് കാമ്പാറൻ, ശാലിനി ജിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.