ചാലക്കുടി: നഗരസഭാ ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ഒ. പൈലപ്പൻ രാജിവച്ചു. കോൺഗ്രസിലെ മുൻധാരണാ പ്രകാരമാണ് രാജി. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജുവിനാണ് ചെയർമാന്റെ താത്കാലിക ചുമതല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ നഗരസഭാ സെക്രട്ടറി എം.എസ്. ആകാശിനാണ് വി.ഒ. പൈലപ്പൻ രാജിക്കത്ത് സമർപ്പിച്ചത്.
ഏറെ വിവാദങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം ഒഴിയൽ. കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കിയ കരാർപ്രകാരം ഒന്നര വർഷം ചെയർമാൻ സ്ഥാനം പൂർത്തിയാക്കിയ പൈലപ്പൻ ജൂൺ 28 ന് രാജി വയ്ക്കണമായിരുന്നു. എന്നാൽ നഗരസഭയുടെ സുവർണ ജൂബിലിയാഘോഷ പരിപാടികൾക്ക് ശേഷം ജൂലായ് 31ന് സ്ഥാനം ഒഴിയാമെന്നും അതിനുള്ള അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പൈലപ്പൻ സംസ്ഥാന നേതാക്കളെ സമീപിച്ചിരുന്നു.
എന്നാൽ നേതാക്കളുടെ നിലപാട് അനുകൂലമായില്ല. ഇതോടെ നഗരസഭാ രാഷ്ടീയത്തിൽ കിംവദന്തികളും ഏറെ രഹസ്യ ചർച്ചകളും നടന്നു. ഒടുവിൽ അതിവിപുലമായ രീതിയിൽ വാർത്താസമ്മേളനം വിളിച്ചാണ് പൈലപ്പൻ ജൂലായ് എട്ടിന് രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. എബി ജോർജ് ആണ് അടുത്ത ചെയർമാനാകുക.