ചാലക്കുടി: നഗരസഭാ രാഷ്ടീയത്തിൽ ഏറെ അനുഭവ സമ്പത്തും വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ബഹുമതിയുമായാണ് വി.ഒ. പൈലപ്പൻ ചെയർമാൻ പദവി ഒഴിയുന്നത്. ഒപ്പം വിവാദ നായകനെന്ന കിരീടവും ചൂടിക്കൊണ്ട്. പതിറ്റാണ്ടുകളായി നഗരസഭയുടെ ടൗൺഹാൾ എന്ന ചാലക്കുടിക്കാരുടെ സ്വപ്നത്തിന് തുടക്കംകുറിച്ചതും പൂർത്തിയാക്കിയതും പൈലപ്പൻ നേതൃത്വം നൽകിയ ഭരണ സമിതികളായിരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം കേട്ട പഴികൾക്കും കണക്കില്ലായിരുന്നു. ഏറെക്കുറ ഇതു തന്നെയാണ് വടക്കെ ബസ് സ്റ്റാൻഡ് വിഷയത്തിലും സംഭവിച്ചത്. കലാഭവൻ മണി പാർക്ക് പൊതുജനങ്ങൾക്ക് സ്ഥിരമായി തുറന്നു കൊടുക്കാൻ ചെയർമാൻ പൈലപ്പന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളിലും അതിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തിലും നഗരസഭയെ കോട്ടമില്ലാതെ നയിച്ചു, താലൂക്ക് ആശുപത്രിയിൽ മികച്ച വികസനങ്ങൾക്ക് ചുക്കാൻ പിടിച്ചു. താലൂക്ക് ആശുപത്രിയും അർബൻ കുടുംബാരോഗ്യ കേന്ദ്രവും ഇക്കാലയളവിൽ ദേശീയ നിലവാരത്തിൽ മികച്ച സ്ഥാപനങ്ങളായി അംഗീകാരം നേടിയതിന് പിന്നിലും ചെയർമാന്റെ നിരന്തരമായ ഇടപെടലുകളുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണ പ്രവർത്തനത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും മുൻപന്തിയിൽ എത്തിയ നഗരസഭകളിൽ ഒന്നാവാൻ ചാലക്കുടിക്ക് സാധിച്ചു. ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിടുന്നതും മൂന്നുവട്ടം ചെയർമാൻ സ്ഥാനത്തെത്തിയതും പൈലപ്പന്റെ മാത്രം പ്രത്യേകതയാണ്. വൈസ് ചെയർമാനായും പ്രവർത്തിക്കാനായി. സി.പി.എം കൗൺസിലറായി രംഗപ്രവേശം ചെയ്ത് പിന്നീട് കോൺഗ്രസിലെത്തി അതിന്റെ അമരക്കാരനാവുകയും ചെയ്തത് പൈലപ്പനെ രാഷ്ട്രീയ ചാണക്യനാക്കി. പതിനെട്ടടവും പയറ്റിയിട്ടും ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകണമെന്ന മോഹം മാത്രം പൂവണിഞ്ഞില്ല. പക്ഷെ, രാഷ്ടീയത്തിൽ ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന് ഉറപ്പിച്ചു പറയുന്ന പൈലപ്പന് ഈ ആഗ്രവും ഒരുപക്ഷെ ബാലികേറാ മലയാകില്ല.