തൃശൂർ: തൃശൂർ സിറ്റി എ.സി.പി: വി.കെ. രാജുവിന് പാലക്കാട് സബ് ഡിവിഷനിലേക്ക് സ്ഥലംമാറ്റം. ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന കെ.കെ. സജീവാണ് പുതിയ എ.സി.പി. കഴിഞ്ഞ എതാനും വർഷങ്ങളായി തൃശൂർ സബ് ഡിവിഷൻ എ.സി.പിയായി ചുമതല വഹിക്കുന്ന വി.കെ. രാജു ക്രമസമാധാനപാലന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു.
ജനലക്ഷങ്ങൾ എത്തുന്ന പൂരത്തിനടക് സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പൊലീസിനെ ഒരുക്കുന്നതിൽ അദ്ദേഹം ഏറെ മികവ് പ്രകടിപ്പിച്ചിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് തന്നെ പൊലീസിന്റെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടത് തൃശൂർ സിറ്റി സബ് ഡിവിഷനിലായിരുന്നു.
ഏറണാകുളം റേഞ്ച് ഡിവൈ.എസ്.പിയായിരുന്ന ബിജു കെ. സ്റ്റീഫനെ തൃശൂർ സിറ്റി അഡീഷണൽ എസ്.പിയായി നിയമിച്ചിട്ടുണ്ട്. സി.ജി. ജിംപോളാണ് ഡി.സി.ആർ.ബി സിറ്റി ഡിവൈ.എസ്.പി. പാലക്കാട് സബ് ഡിവിഷനിൽ നിന്ന് പി.സി. ഹരിദാസനെ ഡി.സി.ആർ.ബി തൃശൂർ റൂറൽ ഡിവൈ.എസ്.പിയായി നിയമിച്ചു.
ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റ്
തൃശൂർ: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. സി.കെ. ജയറാം പണിക്കരുടെ സ്മരണാർത്ഥം എം.ബി.ബി.എസ് പരീക്ഷയ്ക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവർക്കായി ഏർപ്പെടുത്തിയ ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡിന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ലിയ കെ. സണ്ണി, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ അങ്കിത. കെ എന്നിവർ അർഹരായി. അവാർഡ് ദാന ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ.പി. രാജേഷ്,സർവകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ.എസ്, ഡോ. വി.എം. ഇക്ബാൽ, ഡോ. ആർ. ബിനോജ് എന്നിവർ പങ്കെടുക്കും.