vellam

കൊടുങ്ങല്ലൂർ: കലുങ്ക് നിർമ്മാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം സ്തംഭിച്ചു. കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

നാരായണമംഗലം വാട്ടർ ടാങ്കിൽ നിന്നും നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. പൊതുമരാമത്തിന് കീഴിലുള്ള കെ.എസ്.ടി.പി നടത്തുന്ന കലുങ്ക് നിർമ്മാണത്തിനിടെ ജെ.സി.ബി കൊണ്ട് പൈപ്പ് പൊട്ടുകയായിരുന്നു. പൈപ്പ് പൊട്ടിയതോടെ ഏറെ നേരം കുടിവെള്ളം പാഴായി ഒഴുകി.

നിർമ്മാണാ ജോലിക്കിടെ കഴിഞ്ഞ ഏതാനും ദിവസം മുമ്പും പൈപ്പുകൾ പൊട്ടുന്നത് ആവർത്തിച്ചിരുന്നു. അന്ന് ചെറിയ പൈപ്പായിരുന്നു പൊട്ടിയിരുന്നത്. എന്നാൽ അതിനുശേഷം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചതിനശേഷമേ കുടിവെള്ള പൈപ്പുകൾ കടന്നപോകുന്ന വഴിയിൽ നിർമ്മാണം നടത്താവൂ എന്ന് തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് നടത്തിയ നിർമ്മാണത്തിനിടെയാണ് പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടിയശേഷമാണ് നിർമ്മാണം നടത്തുന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ട് ഉദ്യോഗസ്ഥർ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കൊടുങ്ങല്ലൂർ നഗരസഭയിലേക്കുള്ള പ്രധാന 500 മി.മീ. ഗ്രാവിറ്റി മെയിൻ പൈപ്പ് പൊട്ടിയാണ് ജലവിതരണം നിറുത്തിവയ്ക്കേണ്ടി വന്നത്.

ജലവിതരണം രണ്ടു ദിവസം മുടങ്ങും

പൈപ്പുകൾ പൊട്ടിയതിനാൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ രണ്ടു ദിവസം ജലവിതരണം പൂർണമായും മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.