
തൃശൂർ: 20 മാസമായി പൂട്ടിക്കിടക്കുന്ന ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിന്, കോർപറേഷൻ നടത്തിയ അഞ്ച് ടെൻഡർ നടപടികളിൽ നിരതദ്രവ്യം കെട്ടിവെയ്ക്കാതെയും വ്യാജ സർക്കാർ ഉത്തരവ് ഹാജരാക്കിയും അർഹതയില്ലാതെ ലേബർ കോൺട്രാക്ട് സൊസൈറ്റി പങ്കെടുത്തതിനെതിരെ പ്രതിഷേധം.
ഇക്കാര്യത്തിൽ, എന്ത് നടപടിയാണ് കോർപറേഷൻ കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ മുകേഷ് കൂളപ്പറമ്പിൽ കോർപറേഷന് കത്തയച്ചു. ഈ സൊസൈറ്റിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പിനായുള്ള ടെൻഡർ, മാനദണ്ഡം മറികടന്നും കോർപറേഷൻ കൗൺസിലിൽ വെയ്ക്കാതെയും നൽകാൻ ഗൂഢശ്രമമുണ്ടെന്ന് മുൻപ് ആരോപണമുയർന്നിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ അനുമതിയും പരിശോധനകളും കഴിഞ്ഞുവേണം അനുമതി നൽകാൻ. ഇതെല്ലാം പരിശോധിച്ച് കൗൺസിലിന്റെ അനുമതിയും ലഭിക്കണം. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് ചില നേതാക്കൾ ഇടപെട്ട് നടത്തിപ്പിന് അനുമതി വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
മുൻപ് മൂന്ന് പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും ആരും സ്വീകരിച്ചിരുന്നില്ല. എന്നാൽ ഈയിടെ ഒരു സൊസൈറ്റി ഏറ്റെടുത്തു. മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് നേതാക്കൾ പരാതി നൽകിയെങ്കിലും പിന്നീട് പണം വാങ്ങി ഒത്തുതീർപ്പാക്കിയെന്നാണ് ആരോപണം. പരാതി പിൻവലിപ്പിച്ചുവെന്നും പറയുന്നു. വിവാദമായതോടെ നടപടിക്രമം നിറുത്തിവെച്ചിരുന്നു.
ശക്തൻ ബസ് സ്റ്റാൻഡിൽ, പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ കോർപറേഷന് വാടക ലഭിച്ചുകൊണ്ടിരുന്ന ഹോട്ടലിനെ സംബന്ധിച്ചും ആരോപണമുണ്ട്. കൊവിഡ് കാലത്ത് ഹോട്ടൽ അടച്ചിട്ട ശേഷം ഇപ്പോൾ ആരാണ് അവിടെ പച്ചക്കറികൾ വിൽക്കാൻ അധികാരപ്പെടുത്തിയതെന്നും അതിൽ നിന്നും കോർപറേഷന് ഇപ്പോൾ ലഭിക്കുന്ന വാടക എത്രയെന്നും എത്ര നഷ്ടം വന്നുവെന്നുമുള്ള വിവരങ്ങൾ അടുത്ത യോഗത്തിന് മുൻപ് അറിയിക്കണമെന്നും മുകേഷ് ആവശ്യപ്പെട്ടു. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ലോഡ്ജ് വാടക നൽകാതെ നടത്തിക്കൊണ്ടുപോകാൻ സഹായം ചെയ്യുന്നതാരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷന് ലക്ഷങ്ങൾ വാടക കുടിശിക വരുത്തിയ കരാറുകാരനെ ഒഴിവാക്കി ലോഡ്ജ് എന്തുകൊണ്ട് കോർപറേഷൻ ഏറ്റെടുക്കുന്നില്ലെന്നും നിലപാട് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.