bindu

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടുതന്നെ ചികിത്സയും പരിശീലനവും പൂർത്തിയാക്കാൻ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തുടങ്ങുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. മൂന്ന് കേന്ദ്രങ്ങൾ ഈ വർഷം തന്നെ തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) ഡെന്റൽ കെയർ, ഐ.ഡി.ഡി സ്‌കൂൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നിപ്മർ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. എംവോക് പദ്ധതിയുടെ കീഴിൽ കംപ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ, പഞ്ചായത്ത് അംഗം മേരി ഐസക് തുടങ്ങിയവർ സംബന്ധിച്ചു. നിപ്മർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി.ചന്ദ്രബാബു, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനു അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.