
തൃശൂർ: സംസ്ഥാനത്ത് ഇന്നും വ്യാപകമഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന്, തീരമലയോര മേഖലയിലും പ്ലാന്റേഷനുകളിലും കനത്ത ജാഗ്രത. 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മീൻപിടിത്തത്തിനും നിരോധനം ഏർപ്പെടുത്തി.
സാധാരണയേക്കാൾ 53 ശതമാനം അധികമഴയാണ് ലഭിച്ചത്. ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര പ്രവർത്തനത്തിന് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ മുൻകൂർ നൽകുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. ജില്ലാ, താലൂക്ക് തലത്തിൽ ദ്രുതകർമ സേനയെ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ പ്രളയ കാലത്ത് പുഴകളിൽ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ല താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്‌പോൺസ് ടീമിനെ പുതുക്കി നിശ്ചയിച്ചു. അവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള നിർദ്ദേശം ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി. പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തനം ഏകോപിപ്പിക്കും.
മഴ വരുന്ന വഴി
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയുമുണ്ട്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായാണ് അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യത പറയുന്നത്.
തീരമേഖലയ്ക്ക് മുന്നറിയിപ്പ്
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനം (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
മഴക്കണക്ക്
കൊടുങ്ങല്ലൂർ 38 മി.മീറ്റർ
ഇരിങ്ങാലക്കുട 56.8
ഏനാമാക്കൽ 40.0
ചാലക്കുടി 64.2
വടക്കാഞ്ചേരി 58
വെള്ളാനിക്കര 50.6
മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജം. 3071 കെട്ടിടങ്ങൾ പുനരധിവാസ ക്യാമ്പുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യം ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
കെ.രാജൻ
റവന്യൂമന്ത്രി