foto

ഒല്ലൂർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മാണം സംബന്ധിച്ച് മന്ത്രി കെ. രാജൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.

ഒല്ലൂർ: ഒല്ലൂർ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മാണം നവംബറിൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഒല്ലൂർ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മാണത്തിനായി സംസ്ഥാന ബഡ്ജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മന്ത്രി കെ. രാജൻ യോഗം വിളിച്ചു ചേർത്തത്. ഒരാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു. പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതാണ് പദ്ധതി. പൊലീസ് സ്റ്റേഷനു വേണ്ടി വാടകകെട്ടിടം കണ്ടെത്തുന്നതിനും പഴയ കെട്ടിടം രണ്ട് മാസത്തിനകം പൊളിച്ചുനീക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആദിത്യ ഐ.പി.എസ്, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സി. സേതു, എക്‌സിക്യൂട്ടീവ് എൻജിനിയർ ബിജി പി.വി, അസിസ്റ്റന്റ് എൻജിനിയർ മഞ്ജുഷ അജിത്, നവീൻ എ.കെ. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.