
തൃശൂർ: ജോലി ആവശ്യത്തിനായി സർട്ടിഫിക്കറ്റുകൾ പല സ്ഥാപനങ്ങളിൽ സമർപ്പിക്കുകയും വിദേശത്തേക്ക് അടക്കം അയയ്ക്കുകയും ചെയ്ത എൻജിനീയറിംഗ് വിദ്യാർത്ഥികളോട് വീണ്ടും സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാങ്കേതിക സർവകലാശാലയുടെ നിർദ്ദേശം. നാലുവർഷ പഠനം പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർത്ഥികളുടെ, പ്രവേശനത്തിന് യോഗ്യതയായി കണക്കാക്കിയ സർട്ടിഫിക്കറ്റുകളാണ് വീണ്ടും അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശം നൽകിയത്.
2018ൽ പ്രവേശനം നേടി എൻജിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ പ്ലസ്ടുവിന്റെയും എസ്.എസ്.എൽ.സിയുടെയും സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് പിന്നീട് നേരിട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജിൽ പ്രവേശനം നേടും മുൻപ് വിദ്യാർത്ഥികൾ പ്ലസ് ടു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരുന്നു. ഇതാണ് വീണ്ടും ഹാജരാക്കേണ്ടത്. ജൂലായ് 2ന് മുൻപ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, ഇതിനുള്ള പോർട്ടൽ പോലും ഒരുക്കിയിട്ടുമില്ല. വിദ്യാർത്ഥികളുടെ പ്രവേശന സമയത്ത് റിട്ട. ജഡ്ജി അദ്ധ്യക്ഷനായ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി അംഗീകാരം നൽകിയിരുന്നു. ഇതിന്‌ശേഷം സർട്ടിഫിക്കറ്റുകൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കരുതെന്നും സർവകലാശാല നിർദേശിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റുകളാണ് ഇനി വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടത്.
സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ട് സ്ഥാപനങ്ങളിൽ നിന്നും വിളിക്കുമ്പോൾ വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ തർക്കവുമുണ്ടാകുന്നുണ്ട്. സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ പറയുന്ന സർവകലാശാല അന്യസംസ്ഥാന വിദ്യാഭ്യാസ കച്ചവടക്കാർക്ക് ഒത്താശ ചെയ്യുകയാണെന്ന സംശയമാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്.
ഒറിജിനൽ സർട്ടിഫിക്കറ്റും ഇപ്പോൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ എൻജിനീയറിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നത്.