പാവറട്ടി: ശക്തമായ മഴയിൽ മൂല്ലശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിലെ പെരുവല്ലൂർ ക്വാറി പ്രദേശത്ത് വീടുകളിൽ വെള്ളം കയറി അപകട ഭീഷണിയിലായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഡെപ്യൂട്ടി കളക്ടറും തഹസിൽദാരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സ് സംഘം സ്വകാര്യ ക്വാറിയിലെ ജലനിരപ്പ് കുറക്കാൻ ശ്രമം ആരംഭിച്ചു. ഗുരുവായൂർ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ കൃഷ്ണ സാഗർ, ഫയർ & റസ്‌ക്യൂ ഓഫീസർ എസ്. സുനിൽകുമാർ, ആർ. ലിജു, കെ.പി. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറിയിലേക്ക് പ്രത്യേക മോട്ടോർ ഇറക്കി വച്ച് വെള്ളം കുറച്ചു കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചിട്ടുള്ളത്. മുല്ലശ്ശേരി ബ്ലോക്ക് മെമ്പർ ശിൽപ്പ ഷിജു, അന്നകര സഹകരണ സംഘം പ്രസിഡന്റ് കെ. സച്ചിൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
ഉപേക്ഷിക്കപ്പെട്ട ക്വാറി മൂലം മാലിന്യ നിക്ഷേപത്തിനും അപകട മരണങ്ങൾക്കും കൂടി കാരണമാകുന്നുണ്ട്. ജനങ്ങളെ ദുരിതത്തിലാക്കുന്ന നിരുത്തരവാദിത്വപരമായ സമീപനം സ്വീകരിച്ചു കൊണ്ടിരിക്കുന്ന ക്വാറി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.