1
ത​ല​ക്കോ​ട്ടു​ക​ര​ ​വി​ദ്യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​മെ​ക്കാ​നി​ക്ക​ൽ​ ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ സ്മാർട്ട് ജനൽ കണ്ടുപിടുത്തവുമായി.

വടക്കാഞ്ചേരി: ദിവസവും രാവിലെ മുതൽ ജനൽ വെളിച്ചം കണ്ട് ഉണരുന്നവരാണ് നമ്മൾ. എന്നാൽ ഈ വെളിച്ചത്തെ വീട്ടാവശ്യത്തിനുള്ള വൈദ്യുതിയാക്കുകയാണ് തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ.

സ്മാർട്ട് ജനലുകൾ നിർമ്മിച്ചാണ് വെളിച്ചം വൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തുന്നത്. സൂര്യപ്രകാശം വരുന്ന ഭാഗത്ത് പ്രത്യേകം നിർമ്മിച്ച ജനലുകൾ സ്ഥാപിച്ച് അതിൽ തിരിയുന്ന സോളാർ പാനലുകളിലൂടെ സൗരോർജ്ജത്തെ പൂർണമായും പ്രയോജനപ്പെടുത്തുന്നതാണ് രീതി.

അവസാന വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ ഗുരുവായൂർ ബ്രഹ്മകുളം സ്വദേശി മുഹമ്മദ് അനസ്, ഇരിങ്ങാലക്കുട സ്വദേശി മുകുന്ദ് ഹരികുമാർ, പുതുക്കാട് കോടാലി സ്വദേശി നന്ദകുമാർ, പട്ടിക്കാട് സ്വദേശി നാഹിദ് മിലൻ എന്നിവരാണ് സ്മാർട്ട് ജനലിന്റെ ശിൽപ്പികൾ. മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമ്മാരായ സി അലക്‌സ് ചാക്കോ, അനിൽ പോൾ എന്നിവരാണ് പ്രൊജക്ട് ഗൈഡ് ചെയ്തത്.

ജനൽമറയിലൂടെ വൈദ്യുതി

ഓഫീസുകളിലും വീടുകളിലും ജനലിലൂടെ സൂര്യപ്രകാശം അകത്തേക്ക് പതിക്കാതിരിക്കാനുള്ള മറയ്ക്ക് പകരമാണ് സോളാർ പാനലുകളുടെ പ്രവർത്തനവും ഘടനയും. സൂര്യപ്രകാശത്തിന്റെ കാഠിന്യം അനുസരിച്ച് സോളാർ പാനലുകൾ തിരിഞ്ഞ് പ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും. ഇതുപ്രകാരം ഉള്ളിൽ വെളിച്ചം പ്രവേശിക്കില്ലെന്ന് മാത്രമല്ല, മൊബൈൽ ചാർജിംഗ് അടക്കമുള്ള വീട്ടാവശ്യത്തിനുള്ള വൈദ്യുതിയും ഉത്പാദിപ്പിക്കാം. മഴക്കാലത്ത് പ്രകാശം കുറവായതിനാൽ നിശ്ചിത അകലത്തിൽ തുറന്നിരിക്കുന്നതിനാൽ വീട്ടകം വെളിച്ചമുള്ളതാകും.