കാഞ്ഞാണി: മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്നലെ ചികിത്സ തേടിയെത്തിയ രോഗികൾ മരുന്നുകിട്ടാതെ മടങ്ങിയെന്ന് പരാതി. മണലൂർ പഞ്ചായത്തിന്റെ അധീനതയിലൂള്ള കുടുംബരോഗ്യകേന്ദ്രത്തിലാണ് മരുന്ന് കിട്ടാതെ രോഗികൾ മടങ്ങിയത്.
രണ്ട് ഫർമസിസ്റ്റുകളിൽ ഒരാൾ സ്ഥലംമാറ്റം കിട്ടിപ്പോയ ശേഷം മറ്റൊരാൾ ഉണ്ടായിരുന്നു. ഈ ഫാർമസിസ്റ്റ് ഇന്നലെ അവധിയായതോടെയാണ് ഫാർമസി അടഞ്ഞുകിടന്നത്. നൂറിലേറെ രോഗികളാണ് ഇതുമൂലം മരുന്ന് കിട്ടാതെ മടങ്ങിയതത്രെ.
നിർദ്ധന കുടുംബങ്ങളിലെ രോഗികളാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി എത്തിയതെങ്കിലും പനിക്കുള്ള മരുന്നുപോലും കിട്ടാതെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. സ്ഥലമാറ്റം കിട്ടിപ്പോയ ഫാർമസിസ്റ്റിന് പകരം ഒരാഴ്ച കഴിഞ്ഞിട്ടും പുതിയ നിയമനം നടത്തിയിട്ടില്ല.
ആരോഗ്യ കേന്ദ്രത്തിൽ പുതിയ ഫാർമസിസ്റ്റിനെ നിയമിക്കാതെയാണ് സ്ഥലംമാറ്റം നൽകിയതെന്ന ആക്ഷേപവും ശക്തമാണ്. രോഗികളുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മരുന്ന് വിതരണത്തിലുണ്ടായ പ്രതിസന്ധിക്ക് ഉടൻ പരിഹാരം വേണം. അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിക്കാൻ ആവശ്യപ്പെടും.
- പി.ടി. ജോൺസൺ, പഞ്ചായത്ത് പ്രസിഡന്റ്