കയ്പമംഗലം: ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് റീടാറിംഗ് നടത്തിയ ചെന്ത്രാപ്പിന്നി - ചാമക്കാല റോഡ് തകർച്ചയിലേക്ക്. ഒന്നരവർഷം മുമ്പ് തുറമുഖ വകുപ്പ് തുക അനുവദിച്ച് നാലു മാസം മുമ്പ് പണി പൂർത്തിയായ റോഡിൽ ഇപ്പോൾ മിക്കയിടത്തും കുണ്ടും കുഴികളുമാണ്.
റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. ചെന്ത്രാപ്പിന്നിയിൽ നിന്ന് ചാമക്കാല വരെ മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡിൽ അഞ്ചോളം കൽവെർട്ടറുകളുമുണ്ട്. ഇതിൽ ഒരു മാസം മുമ്പ് നമ്പ്രാട്ടിചിറ - അയ്യങ്കുഴി പാലത്തിന്റെ ഒരു വശം തകർന്ന് അപകടഭീഷണിയിലായിരുന്നു.
റോഡ് നിർമ്മാണത്തിലെ അപാകതയാണ് പണിപൂർത്തിയായ ഉടൻ തകരാറിലാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കുണ്ടു കുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
ചെന്ത്രാപ്പിന്നി ചാമക്കാല റോഡ് നിർമ്മാണത്തിന്റെ തുടക്കം മുതൽ ക്രമക്കേടും അഴിമതിയുമാണ്. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. കോൺട്രാക്ടറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം. അല്ലെങ്കിൽ ശക്തമായ സമരങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകും.
- എം.യു. ഉമറുൽ ഫാറൂക്ക്, ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ്
ചെന്ത്രാപ്പിന്നി - ചാമക്കാല റോഡിന്റെ 75% മാത്രമേ നിർമ്മാണം പൂർത്തിയായിട്ടുള്ളൂ. കരാറുകാരന് അനുവദിച്ച ഫണ്ടിന്റെ പകുതി രൂപ മാത്രമേ നൽകിയിട്ടുള്ളൂ. പണി പൂർത്തിയായശേഷം രണ്ടു വർഷത്തോളം ടാറിംഗിന് ഗാരന്റിയുണ്ട്. കരാറുകാരൻ തകരാർ പരിഹരിച്ച് ടാറിംഗ് പൂർത്തീകരിക്കും.
- തുറമുഖ വകുപ്പ്