torture

 മന്ത്രി കെ. രാധാകൃഷ്ണൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിനോട് വിശദീകരണം തേടി

ചാലക്കുടി: ബഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയതിന് വെറ്റിലപ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിയെ മർദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. ചായ്പ്പൻകുഴി സ്വദേശി മധുവിനെയാണ് പ്രാഥമിക നടപടിയുടെ ഭാഗമായി പട്ടികജാതി ക്ഷേമബോർഡ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിനോട് വിശദീകരണം തേടി. വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ പെരുമാളിന്റെ മകനുമായ വിനോദിനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ ഏഴോടെ വിദ്യാർത്ഥികൾ പഠിക്കാനിരിക്കുന്നതിനിടെ ബെഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയതിനാണ് മർദ്ദനമെന്ന് കുട്ടി പറയുന്നു. ബെഞ്ചിൽ തട്ടിയത് ചോദ്യം ചെയ്ത ശേഷം ഇയാൾ മുറിയിൽ പോയി മുളവടി കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നു. മുതുകിലും കൈയിലും അടിയേറ്റതിന്റെ അടയാളമുണ്ട്. സംഭവശേഷം സ്‌കൂളിലെത്തിയ കുട്ടി അദ്ധ്യാപികയോട് വിവരം പറയുകയായിരുന്നു. പിതാവ് കുട്ടിയെ ആശുപത്രിലെത്തിച്ചു. പട്ടികജാതി ക്ഷേമവകുപ്പ് ഡയറക്ടർ സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചു. സംഭവത്തിൽ അതിരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.