ചാലക്കുടി: കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമിയിൽ അവകാശം ഉന്നയിച്ച് സ്വകാര്യ വ്യക്തികൾ നൽകിയ അന്യായം കോടതി തള്ളി. പോട്ട ഇറിഗേഷൻ വാച്ച്മാൻ ക്വാർട്ടേഴ്‌സിനോട് അനുബന്ധിച്ചുള്ള 40 സെന്റ് ഭൂമിയിൽ പരിസരത്തെ കുടുംബം അവകാശം ഉന്നയിച്ച് ചാലക്കുടി മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയാണ് മുൻസിഫ് എം.ടി. തരിയച്ചൻ നിരാകരിച്ചത്. ഇറിഗേഷൻ വകുപ്പിന് കേസ് നടത്തിപ്പിന്റെ ചെലവ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
കോക്കാടൻ ഔസേപ്പിന്റെ മക്കളായ ജോണി, ഡേവിസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സ്ഥലത്തിൽ തങ്ങൾക്ക് ദീർഘകാല കൈവശാവകാശം ഉണ്ടെന്നായിരുന്നു ഇവരുടെ വാദം. ഏറെക്കാലം ഉപയോഗരഹിതമായ ഭൂമി 2018ൽ താലൂക്ക് സർവേയർ അളന്നു തിട്ടപ്പെടുത്തിയിരുന്നു. തുടർന്ന് ഇറിഗേഷൻ വകുപ്പ് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചപ്പോഴാണ് സ്വകാര്യ വ്യക്തികൾ അവകാശവാദം ഉന്നയിച്ച് കോടതിയിലെത്തിയത്. കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്നതിനെതിരെ ഇടതു സംഘടനകൾ നേരത്തെ പ്രക്ഷോഭം നടത്തിയിരുന്നു. ഇറിഗേഷൻ വകുപ്പിന് വേണ്ടി ഗവ. അഭിഭാഷകരായ വി.വി. ജയരാമൻ, എ.ഒ. സേവ്യർ എന്നിവർ ഹാജരായി.