ആമ്പല്ലൂർ: ആമ്പല്ലൂരിൽ ഇന്റസ്ട്രിയൽ വില്ലേജ് ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സി.പി.ഐ പുതുക്കാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതുക്കാട് മണ്ഡലത്തിലെ നെന്മണിക്കര, അളഗപ്പ നഗർ, പുതുക്കാട്, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് അടച്ചു പൂട്ടിയ ഓട്ടു കമ്പനികളുടെ സ്ഥലങ്ങൾ ഉപയോഗപ്രദമാക്കി പുതിയ വ്യവസായ സംരഭങ്ങൾ ആരംഭിക്കാൻ സർക്കാർ മുന്നോട്ട് വരണം. അറുപത് കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ രണ്ട് ടോൾ പ്ലാസയുള്ളതിനാൽ പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും പുതുക്കാട് നിയോജക മണ്ഡലത്തിൽ ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കണമെന്നും ചിമ്മിനി ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് അതിരപ്പിള്ളി ചിമ്മിനി വഴി നെല്ലിയാമ്പതി കാട്ടിലൂടെ യാത്ര വികസിപ്പിച്ച് ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ പര്യാപ്തമായ ഫണ്ട് വയ്ക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.