
തൃശൂർ : തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ തലയെടുപ്പായ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 60 വയസായിരുന്നു. ഒരാഴ്ചയായി ശരീരം തളർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തീരെ അനങ്ങാൻ സാധിക്കാത്ത വിധം അവശനിലയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. ബീഹാറിയായ പത്മനാഭനെ നന്തിലത്ത് ഗോപുവാണ് തൃശൂരിലെത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങി. പത്തടി ഉയരമുള്ള പത്മനാഭൻ കേരളത്തിലെ മികച്ച ആനകളിലൊന്നാണ്.
തെരുവ് നായയുടെ ആക്രമണത്തിൽ
നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്
കയ്പമംഗലം : ചെന്ത്രാപ്പിന്നിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്. അലുവ തെരുവിൽ മുറിത്തറ വീട്ടിൽ ഷറഫുദ്ദീൻ(62), ശ്രീനാരായണപുരം സ്വദേശി നാളിയാട്ട് പ്രകാശൻ ഭാര്യ നിർമ്മല (60), കോതകുളം ബീച്ച് സ്വദേശി കൂളിയേടത്ത് സന്തോഷ് (55), സുഗതൻ റോഡിന് സമീപം കക്കരി വീട്ടിൽ ഷാജിയുടെ ഭാര്യ ബിന്ദു (45), കിഴക്കേ പാട്ട് മല്ലിക (65), കളച്ചൻ ലീല (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ഏഴോടെയാണ് തന്റെ പലചരക്ക് കടയിൽ ഷറഫുദ്ദീനെ തെരുവ് നായ ആക്രമിച്ചത്. രാവിലെ പത്തരയോടെ ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് നിർമ്മലയെയും, സന്തോഷിനെയും നായ ആക്രമിച്ചത്. തുടർന്ന് ഓടിപ്പോയ നായ ബിന്ദു, മല്ലിക, ലീല എന്നിവരെയും കടിച്ചു.