തൃശൂർ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് അനുകൂലമായി അവകാശവാദങ്ങൾ നിരത്തുകയും, പ്രതിയായ പൾസർ സുനി മുമ്പും നടിമാരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്‌ക്കെതിരെ തൃശൂർ റൂറൽ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ പൊലീസ് പരിശോധിക്കും.

പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കണോ എന്നതിൽ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് നിയമോപദേശം തേടും. സാമൂഹിക പ്രവർത്തക കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. അതിജീവിതയ്ക്ക് സഹായം നൽകുന്ന കൂട്ടായ്മയിലെ അംഗം കൂടിയാണ് കുസുമം ജോസഫ്.

സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലേഖ പുറത്തു വിട്ട വീഡിയോയിലെ പരാമർശങ്ങളാണ് പരാതിക്ക് കാരണം. വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും പൾസർ സുനിക്കെതിരെ ശ്രീലേഖ നിയമനടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെക്കാണ് തിങ്കളാഴ്ച പരാതി നൽകിയത്. ഔദ്യോഗിക കൃത്യ നിർവഹണത്തിലെ ഗുരുതര വീഴ്ചകളിൽ അന്വേഷണം നടത്തി പൾസർ സുനിക്കും, ശ്രീലേഖയ്‌ക്കുമെതിരെ നടപടി വേണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്.