ചാലക്കുടി: എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ചാലക്കുടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കമായി. ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച പരിശീലനം ആഗസ്റ്റ് 20 വരെ നീണ്ടുനിൽക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എ.എസ്. അലാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സി ട്രെയിനർ ആർ.അഭിഷേക് ക്ലാസുകൾ നയിച്ചു. ഓരോ 10 ദിവസം കൂടുമ്പോൾ പരീക്ഷ നടക്കും. വിജയികൾക്ക് നഗരസഭ കൗൺസിലർ വി.ജെ. ജോജി സമ്മാനവും നൽകും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർമാരായ എം. ശിവദാസൻ, എസ്. സിജു, വി.എം. ഹംസ, കൗൺസിലർമാരായ നിതാ പോൾ, വി.ജെ. ജോജി എന്നിവർ പ്രസംഗിച്ചു.