പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി നടയ്ക്ക് കിഴക്ക് ഭാഗത്ത് ശക്തമായ മഴയിൽ കുന്ന് ഇടിഞ്ഞ് കോൺക്രീറ്റ് വീട് പൂർണമായി നിലംപൊത്തിയ പ്രദേശത്ത് കുന്നിന് മുകളിലും താഴെയുമായി അംഗൻവാടി ഉൾപ്പെടെ 11 ഓളം വീടുകൾ അപകട ഭീഷണിയിൽ. വേപ്പുള്ളി ദാസൻ, വിങ്കിട്ടായി രജനി, തവേററി ധന്യ, ലീലയുടെ ആൾപാർപ്പില്ലാത്ത വീട്, അജിത്തിന്റെ പണി തീരാത്ത വീട്, 98ാം നമ്പർ അംഗൻവാടി എന്നിവയാണ് കുന്നിന് മുകളിൽ ഭീഷണി നേരിടുന്നത്. പള്ളിക്കത്തറ സുമേഷ്, വട്ടംപറമ്പിൽ ശാന്ത, പെരിങ്ങാട് അമ്മിണി, പെരിവായിൽ ശാന്ത, പുതിയേടത്ത് ഷൈമോൻ എന്നിവരുടെ വീടുകളാണ് കുന്നിന് താഴെ ഭീഷണി നേരിടുന്നത്. കാഞ്ഞിരത്തിങ്കൽ ബാബുവിന്റെ വീടാണ് ബുധനാഴ്ച പുലർച്ചെ കുന്നിടിഞ്ഞ് തകർന്നടിഞ്ഞത്.
സംഭവം അറിഞ്ഞ് ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി, വില്ലേജ് ഓഫീസർ എൽ. ലേഖ എന്നിവരുടെ നേതൃത്വത്തിൽ ആദ്യ റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും നാശനഷ്ടവും തുടർ ഭീഷണി വിലയിരുത്തുകയും ചെയതു. തുടർന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തെ പ്രതിനിധികരിച്ച് ഡെപ്യൂട്ടി കളകടർ കെ.എസ്. പരീത്, അനലിസ്റ്റ് സുസ്മി സണ്ണി എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 7 കുട്ടികൾ പഠിക്കുന്ന അംഗൻവാടി താത്കാലികമായി അടച്ചിടാനും 10 വീട്ടുകരോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനും നിർദ്ദേശം നൽകി. വീട് തകർന്ന ബാബുവിന് വേറെ സ്ഥലം ഉള്ളതിനാൽ വീട് നിർമ്മിക്കാൻ റവന്യൂ വകുപ്പ് എല്ലാ സഹായവും നൽകുമെന്ന് ഡെപ്യൂട്ടി കളകടർ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. ഭീഷണി നേരിടുന്ന വീടുകൾക്ക് ആവശ്യമായ സഹായം സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്നും ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. മുല്ലശ്ശേരി പഞ്ചായത്ത് ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ 10 പേരെ താമസിപ്പിക്കും. 5 കുടുംബാഗങ്ങളും വീട് തകർന്ന ബാബുവിന്റെ കുടുംബവും ബന്ധുവീട്ടിലാണ് താമസിക്കുക.
സംഭവസ്ഥലത്ത് ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വൈസ് പ്രസിഡന്റ് കെ.പി. ആലി, ശിൽപ്പ സിജു, ശ്രീദേവി ഡേവീസ്, ക്ലമന്റ് ഫ്രാൻസിസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു.