ചേലക്കര: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം പിടിച്ചിരിക്കുകയാണ് മൂന്നുവയസുകാരനായ ഡെറിക് കെ. ഷിജിൻ. ഓർമ്മശക്തിയാലാണ് ഈ ബാലന് അംഗീകാരം ലഭിച്ചത്. ഭീഷ്മപർവം എന്ന സിനിമ കണ്ടതിനു ശേഷം നായകനായ മമ്മുട്ടിയെ അനുകരിക്കാനും ഡയലോഗ് പറയാനും ശ്രമിക്കുകയും ടി.വിയിൽ കണ്ട പരസ്യം അതുപോലെ പറയാൻ ശ്രമിക്കുകകയും ഒക്കെ ചെയ്തപ്പോഴാണ് മാതാപിതാക്കൾ മകന്റെ കഴിവ് തിരിച്ചറിഞ്ഞത്. കുട്ടിക്ക് പ്രോത്സാഹനവും കുറച്ച് പരിശീലനവും നൽകിയപ്പോൾ ഡെറിക് റെക്കാഡിൽ ഇടം പിടിക്കാൻ തുണയായി. ഇന്ത്യൻ പ്രധാനമന്ത്രിമാർ, കേരള മുഖ്യമന്ത്രിമാർ , 28 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും , 43 കണ്ടുപിടുത്തങ്ങൾ, കേരളത്തിലെ ജില്ലകൾ, ഗ്രഹങ്ങളുടെ പേര്, വിബ്ജിയോർ, 20 മൃഗങ്ങളുടെ കിടാക്കളുടെ ഇംഗ്ലീഷ് പേരുകൾ തുടങ്ങിയവയെല്ലാം ഈ ബാലന് മനപാഠമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും അമ്പതു വരെ എണ്ണുന്നതിനും ആഴ്ചയിലെ ദിവസങ്ങൾ പറയുന്നതിനും യാതൊരു പ്രയാസവുമില്ല. പങ്ങാരപ്പിള്ളി കൊള്ളന്നൂർ ഷിജിന്റേയും അഞ്ജുവിന്റേയും ഏക മകനാണ് ഡെറിക് കെ. ഷിജിൻ.