പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ ഗൈനാക്കോളജി വിഭാഗം സജ്ജമാക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേശീയപാതയുടെ സമീപത്തുള്ള താലൂക്ക് ആശുപത്രി എന്ന നിലയിൽ ഇവിടെ ട്രോമ കെയർ യൂണിറ്റ് ആരംഭിക്കണമെന്നും ഇപ്പോൾ ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിക്കുന്ന ഡയാലിസ് സൗകര്യം മൂന്ന് ഷിഫ്റ്റ് ആക്കി വിപൂലീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസവ മുറിയും ഓപ്പറേഷൻ തിയേറ്ററും വാർഡും സജ്ജീകരിച്ചിട്ടുണ്ടെന്നും ദേശീയ ഗ്രാമീണ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ സ്ത്രീ രോഗ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പ്രസവ ശുശ്രൂക്ഷയ്ക്കാവശ്യമായ ഉപകരണങ്ങൾ സജ്ജമാക്കുന്നതോടെ സിസേറിയൻ ഒഴികെയുള്ള സൗകര്യങ്ങൾ ഉടനെ ലഭ്യമാകുമെന്നും മന്ത്രി ഉറപ്പ് നൽകി.