കൊടുങ്ങല്ലൂർ: തീരദേശ പൊലീസ് സ്റ്റേഷനിലെ ഇന്റർസെപ്റ്റർ ബോട്ടുകൾ ഇനി ഓടിത്തുടങ്ങും. തീരദേശത്തിനും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും ഏറെ ആശ്വാസമാണ് അഴീക്കോട് പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്റ്റേഷൻ.

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന വള്ളങ്ങളുടെയും രക്ഷകരാകേണ്ട തീരദേശ പൊലീസ് കുറച്ച് നാളുകളായി ഇന്റർസെപ്റ്റർ ബോട്ടുകളിൽ ഇന്ധനം ഇല്ലാതെ പ്രതിസന്ധിയിലായിരുന്നു. ഫിഷറീസിന്റെ വേഗം കുറഞ്ഞ ബോട്ടുകൾ ഉപയോഗിച്ചാണ് തീരദേശ പൊലീസ് കടലിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്നത്.

ഇക്കാര്യം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അടിയന്തര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 15 ലക്ഷം രൂപ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അനുവദിച്ചത്.