തൃശൂർ: വനിതകളുടെ ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് വഴി 2021 - 22 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ചെലവിട്ടത് 34.84 ലക്ഷം രൂപ. അഞ്ച് പദ്ധതികളിലായാണ് തുക ചെലവഴിച്ചത്.

വിധവകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായിക്കുന്ന സഹായഹസ്തം പദ്ധതിയിൽ നൽകിയത് 29 ലക്ഷം. 55 വയസിന് താഴെ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളായ സ്ത്രീകൾക്കാണ് സഹായം. 10 പേർക്കാണ് ധനസഹായം നൽകിയത്.

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പടവുകൾ പദ്ധതി വഴി 14 ലക്ഷത്തിലധികം രൂപ ചെലവിട്ടു. വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 15 വിദ്യാർത്ഥികൾക്ക് ധനസഹായം ലഭിച്ചു.

അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന 'അഭയകിരണം' പദ്ധതിയിലൂടെ 78 വനിതകൾക്കായി 58 ലക്ഷം രൂപ നൽകി. വനിതകൾ ഗൃഹനാഥരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയിലൂടെ സ്‌കോളർഷിപ്പിന് 65 പേർ അർഹരായി. 40.85 ലക്ഷം രൂപയാണ് ധനഹായമായി നൽകിയത്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്കാണ് ധനസഹായം.

മംഗല്യ പദ്ധതി വഴി ജില്ലയിൽ 32 പേർക്ക് 8 ലക്ഷം രൂപ ധനസഹായം നൽകി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർവിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ.

പദ്ധതികളും നൽകിയ ആനുകൂല്യങ്ങളും

പ്രതിമാസ വിദ്യാഭ്യാസ സഹായം