1

തൃശൂർ: അമൃത് പദ്ധതി ഉൾപ്പെടുത്തിയുള്ള കോർപറേഷന്റെ പുതിയ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു. പുതിയ മാസ്റ്റർ പ്ലാൻ വരുന്നതോടെ നിലവിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ ഇല്ലാതാകുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു.

കരട് മാസ്റ്റർ പ്ലാൻ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കാനാകൂ. ആക്ഷേപങ്ങൾ ഏറെയുണ്ടായിരുന്ന ഇപ്പോഴത്തെ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല.

തുടർന്ന് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പ്രത്യേക കൗൺസിൽ വിളിക്കുന്നുണ്ട്. പുതിയ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ച ചെയ്യാൻ 20ന് മേയർ ചെയർമാനായി രൂപീകരിച്ച സ്‌പെഷ്യൽ കമ്മിറ്റി യോഗം ചേരും. മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിനുള്ള നടപടിക്രമം മൂന്നു മാസത്തിനകം പൂർത്തിയാക്കും. എല്ലാ കക്ഷികളുടെയും അംഗങ്ങൾ സ്‌പെഷ്യൽ കമ്മിറ്റിയിലുണ്ട്.

വാർത്താസമ്മേളനത്തിൽ മേയറെ കൂടാതെ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, ഷീബ ബാബു എന്നിവരും ഉണ്ടായിരുന്നു.

സ്വരാജ് റൗണ്ടിന്റെ വീതി 22 മീറ്റർ

സ്വരാജ് റൗണ്ട് 36 മീറ്ററാക്കണമെന്ന ഇപ്പോഴത്തെ മാസ്റ്റർ പ്ലാനിലെ നിർദ്ദേശം ഏറെ വിവാദമായിരുന്നു. പുതിയ മാസ്റ്റർ പ്ലാനിൽ 22 മീറ്ററാക്കണമെന്നാണ് നിർദ്ദേശം. 2012ലെ കോൺഗ്രസ് കൗൺസിലാണ് 36 മീറ്ററാക്കണമെന്ന തീരുമാനം എടുത്തത്. ചില റോഡുകളുടെ വീതി സംബന്ധിച്ചുള്ള തർക്കവും പരിഹരിക്കുമെന്നും മേയർ കൂട്ടിചേർത്തു.

മാസ്റ്റർ പ്ലാൻ കടമ്പകൾ

സ്‌പെഷ്യൽ കമ്മിറ്റി ചർച്ച ചെയ്ത ശേഷം കൗൺസിലിൽ ചർച്ച ചെയ്ത് 55 ഡിവിഷനുകളിലും ഡിവിഷൻ സഭകളിലും മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യണം. തുടർന്ന് ഭേദഗതികൾ ഉണ്ടെങ്കിൽ പരിഗണിച്ച് കൗൺസിൽ യോഗം പാസാക്കിയ ശേഷം അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കണം.


പഴയ മാസ്റ്റർ പ്ലാൻ പുതിയ കുപ്പിയിലാക്കിയാൽ അംഗീകരിക്കില്ല. അമൃത് സിറ്റി മാസ്റ്റർ സുതാര്യമാകാൻ പരാതികൾ ഏത് സമയവും സമർപ്പിക്കാനാകണം. സർക്കാർ അംഗീകരിച്ച നൂലാമാലകളുള്ള മാസ്റ്റർപ്ലാൻ രണ്ടുവർഷമെങ്കിലും നിലനിൽക്കും. അതിനാൽ അമൃത് സിറ്റി മാസ്റ്റർ പ്ലാൻ എത്രയും വേഗം അംഗീകരിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം.

- ജോൺ ഡാനിയൽ