ചാഴൂർ: ചാഴൂർ പഞ്ചായത്തിലെ ആലപ്പാട്, പുറത്തൂർ പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. കൂറ്റൻ തേക്കുമരം ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. പത്താരത്ത് യശോദയുടെ വീടിന്റെ ഓടുകൾ തകർന്നു വീണു. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പിൽ ബാലതിലകൻ, കുന്നത്ത് ഷാജിലാൽ തുടങ്ങിയവരുടെ വീടുകളുടെ മേൽക്കൂര ഭാഗികമായി തകർന്നു. പോട്ടയിൽ ദീപയുടെ വീടിന്റെ മുൻവശത്തെ ട്രസ് പറന്നുപോയി. മാളൂർ ഉണ്ണിക്കൃഷ്ണൻ, ഷാജി കുന്നമ്പത്ത്, പത്താരത്ത് ശാന്ത എന്നിവരുടെ പറമ്പിലെ മരങ്ങൾ കടപുഴകി. റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.