ഗുരുവായൂർ: കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച സ്ഥാപനങ്ങൾ രണ്ട് മാസത്തിനകം തുറന്നില്ലെങ്കിൽ ഭാവിയിൽ നഗര വികസനത്തിനുള്ള കേന്ദ്ര ഫണ്ട് ഗുരുവായൂരിന് നൽകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വിനികുമാർ ചൗബേ. പ്രസാദ് പദ്ധതിയിൽ നിർമ്മിച്ച് പൂട്ടിയിട്ടിരിക്കുന്ന ഫെസിലിറ്റി സെന്ററും അമിനിറ്റി സെന്ററും തുറന്ന് കൊടുക്കാത്തതിനെതിരെയാണ് നിർമ്മിച്ച പദ്ധതികൾ സന്ദർശിച്ച ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചത്. നഗരസഭ സെക്രട്ടറി ബീന എസ്. കുമാറിനെ വിളിച്ച് താൻ വിശദീകരണം ചോദിച്ചു. രണ്ട് മാസത്തിനകം എല്ലാം തുറക്കാമെന്നാണ് പറഞ്ഞത്. അത് ചെയ്തില്ലെങ്കിൽ ഗുരുവായൂരിന് ഇനി കേന്ദ്ര ഫണ്ട് അനുവദിക്കുന്ന കാര്യം പുന:പരിശോധിക്കും. ഫെസിലിറ്റേഷൻ സെന്റർ പൂട്ടിയിട്ടതു കാരണം ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. കേന്ദ്ര സർക്കാർ കോടികൾ നൽകി നിർമ്മിച്ച സ്ഥാപനത്തിലേക്ക് കടക്കാൻ പോലും കഴിയാതെ മാലിന്യം കൂടിക്കിടക്കുന്ന അവസ്ഥയാണ്. കേന്ദ്ര സർക്കാരിന്റെ സഹായത്തെക്കുറിച്ച് എഴുതിവയ്ക്കാനോ, പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാനോ നഗരസഭ തയ്യാറായിട്ടില്ല. കെട്ടിടം കൈമാറി കിട്ടാൻ വൈകിയെന്ന വാദത്തിനൊന്നും അടിസ്ഥാനമില്ല. ഉദ്ഘാടനം നടത്തുമ്പോൾ ഇതൊന്നും അറിയുമായിരുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു.
ഗുരുവായൂരിന് 100 കോടിയുടെ പ്രസാദ് പദ്ധതികളാണ് കേന്ദ്രം പരിഗണിച്ചത്. ഇതിൽ 49 കോടിയുടെ പൂർത്തിയായി. 51 കോടിയുടെ പദ്ധതികൾക്ക് വിശദമായ പദ്ധതി രേഖ ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പാണ്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമങ്ങൾ തന്നെയാണ് നിലവിലുള്ളത്. ആദിവാസികൾക്കനുകൂലമായ നിലപാടാണ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനുള്ളത്. ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്ത കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.