ചാലക്കുടി: ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നിലവിലെ കരാറുകാരെ മാറ്റി പുതിയ ഏജൻസിക്ക് കൈമാറുന്ന നടപടിക്കായി ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ സബ്ബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആഗസ്റ്റിൽ പണി പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും അറിയിച്ചിരുന്നെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല. ഇതു സംബന്ധിച്ച് ജൂൺ 24 ന് നൽകിയ ഒരു മാസത്തെ മുന്നറിയിപ്പ് നോട്ടീസിനും ഫലമുണ്ടായില്ലെങ്കിൽ കരാർ മാറ്റുന്ന ആവശ്യം ഉന്നയിക്കും. മന്ത്രി പറഞ്ഞു. നിലവിലെ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുകയും ചെയ്യും. 250 ദിവസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച നിർമ്മാണമാണ് നാല് വർഷമായി ഇഴഞ്ഞു നീങ്ങുന്നതെന്നും നിലവിൽ കേവലം 24 ശതമാനം മാത്രമാണ് നിർമ്മാണ പുരോഗതിയെന്നും എം.എൽഎ സഭയിൽ പരാമർശിച്ചു. കേരളത്തിൽ മേൽപ്പാലം പരിശോധിക്കുവാൻ എത്തുന്ന കേന്ദ്രമന്ത്രിമാരെ ഈ അടിപ്പാതയുടെ അവസ്ഥ അറിയിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.