ചാലക്കുടി: മഴ അതിശക്തമല്ലെങ്കിലും പറമ്പിക്കുളം ഡാം നിറയുന്നത്് ചാലക്കുടിപ്പുഴയ്ക്ക് ഭീഷണിയാകുന്നു. 1825 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളം ഡാമിൽ ഇപ്പോൾ 1815 അടി വെള്ളമായി കഴിഞ്ഞു. തമിഴ്‌നാട്ടിൽ മഴ തുടരുന്നതും കൈവഴികളിൽ നിന്നുമുള്ള നീരൊഴുക്ക് കനപ്പെട്ടതും ദിവസങ്ങൾക്കകം ഡാം നിറയുന്നതിനുള്ള സാദ്ധ്യതയേറി. വെള്ളം തൊണ്ണൂറ്റിയഞ്ച് ശതമാനമായാൽ സാധാരണ തമിഴ്‌നാട് സർക്കാർ ഡാം തുറന്നിടുന്നത് പതിവാണ്. ഇവിടെ നിന്നും കൂടുതൽ വെള്ളവും എത്തുന്നത് പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ്. 421.5 മീറ്ററാണ് പെരിങ്ങൽക്കുത്തിലെ ഇപ്പോഴത്തെ ജല വിതാനം. 424 മീറ്റർ സംഭരണ ശേഷിയുള്ള പെരിങ്ങൽക്കുത്തിൽ നിന്നും കൂടുതൽ വെള്ളം വിടേണ്ടി വന്നാൽ നിലവിൽ നിറഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴയ്്ക്ക് അത് താങ്ങാനാവില്ല. നിലവിൽ പുഴ നിറഞ്ഞൊഴുകുകയാണ്. ഇതിനൊപ്പം മഴയുമുണ്ടായാൽ പ്രശ്‌നം ഗുരുതരമാകും. എന്നാൽ കേരള ഷോളയാറിൽ നിലവിൽ അമ്പതു ശതമാനം മാത്രമാണ് വെള്ളം. മാത്രമല്ല, ഇന്നലെ പകൽ മണിക്കൂറളോളം മഴയും പെയ്തില്ല. ഇതൊരു ആശ്വാസമാണ്. തമിഴ്്‌നാട് ഷോളയാറിൽ നിന്നും വെള്ളം വിടുന്നുണ്ടെങ്കിലും തത്ക്കാലം ഇതിനെ ഉൾകൊള്ളാൻ കേരള ഷോളയാറിനാകും. ഇക്കാരണത്താൽ ഷോളയാറിൽ നിന്നുള്ള ഭീഷണിയില്ല. ഇതിനിടെ അതിരപ്പിള്ളി, ചാർപ്പ വെള്ളച്ചാട്ടങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തു.